![]() |
| ഭാഗം ഒന്ന് |
മൈഥിലീ... നീ അവിടെ എന്തെടുക്കുകയാണെടീ.....?
ആ നീട്ടിയുള്ള ചോദ്യം കേട്ടാണ് ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കിയത്. തീ പാറുന്ന കണ്ണുകളുമായി ശില്പ നിന്ന് കിതക്കുകയാണ്. പരിസര ബോധം വീണ്ടെടുത്തപ്പോഴാണ് ഇത്ര നേരവും ഞാൻ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നെന്ന സത്യം തിരിച്ചറിഞ്ഞത്.
ശ് ശ് ശ്... നാക്ക് ഒരുഭാഗത്തേക്ക് കടിച്ചുപിടിച്ച്കൊണ്ട് തലയിൽ കൈ വച്ച് ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു. 'പൊന്നു ശിൽപേ... പൊറുക്ക്.. ഇത്തവണത്തേക്ക്, ഒരു പ്രാവശ്യം കൂടി പ്ലീസ്....... ഞാൻ രണ്ടു ചെവിയും പിടിച്ചു കെഞ്ചി. "അല്ലെങ്കിലും നിന്നെയൊക്കെ ഈ പണിക്ക് പറഞ്ഞു വിട്ട എന്നെ പറഞ്ഞാൽ മതി. എത്ര നേരമായി നിന്നെ പറഞ്ഞുവിട്ടിട്ട് ?. ലളിത ഗാനമത്സരത്തിന് വേണ്ടി ഒരു മത്സരാർത്ഥിയെ അന്വേഷിച്ചു കണ്ടുപിടിക്കാനല്ലേ ഞാൻ പറഞ്ഞൊള്ളൂ , അല്ലാതെ പത്തും ഇരുപതും പേരെ അറേഞ്ച് ചെയ്യാനൊന്നും പറഞ്ഞില്ലല്ലോ. ഏതു നേരത്താണാവോ", അതും പറഞ്ഞു സ്വയം പഴിച്ച് ശില്പ ചവിട്ടിക്കുലുക്കി നടന്നുപോയി. ശരിയാണ് എന്റെ തെറ്റാണ്, ചെയ്യാൻ ഏൽപിച്ച കാര്യങ്ങൾ സമയത്ത് ചെയ്തില്ലെങ്കിൽ ഇങ്ങനെയിരിക്കും. അതിനാരറിഞ്ഞു ഈ മത്സരം നാളെ നടക്കേണ്ടതിനു പകരം ഇന്നത്തേക്ക് മാറ്റി വെക്കുമെന്ന്. കഷ്ടകാലത്തിന് ആ റമീസ ഇന്ന് ആബ്‌സെന്റും ആണ്. അല്ല അവളെ പറഞ്ഞിട്ടും കാര്യമില്ല അവൾക്കറിയില്ലല്ലോ നാളെ നടത്താനിരുന്ന അവളുടെ മത്സരയിനം ഇന്നത്തേക്ക് മാറ്റുമെന്ന്. ശ്ശോ, ഇനി ഞാനങ്ങോട്ട് ചെന്നാൽ ഗ്രൂപ്പിലെ എല്ലാവരും എന്നെ കടിച്ചു കീറും. ഞാൻ വാച്ചിൽ സമയം നോക്കി. ദൈവമേ ... സമയം മൂന്നര ആയല്ലോ, ഇപ്പോൾ വേണമെങ്കിൽ ലളിതഗാന മത്സരത്തിന്റെ ഫല പ്രഖ്യാപനവും സമ്മാനദാനവും കഴിഞ്ഞു കാണും. എന്തായാലും ആ വഴി പോകണ്ട, പിറകിലൂടെ പോകാം . അതാവുമ്പോൾ സ്വന്തം ഗ്രൂപ്പിലുള്ള ആരുടേയും കണ്ണിലും പെടില്ല. എന്നെയെങ്ങാനും അവരുടെ കയ്യിൽ കിട്ടിയാലുള്ള അവസ്ഥ. ദൈവമേ ... അറിയാതെ വിളിച്ചുപോയി. ' ബ്ലൂ ഹൌസ് ഗ്രൂപ്പും റെഡ് ഹൌസ് ഗ്രൂപ്പും ഒപ്പത്തിനൊപ്പമാണ് സ്കോർ ചെയ്യുന്നത്. അത് കൊണ്ട് ഓരോ ചെറിയ മത്സരത്തിൽ ജയിക്കേണ്ടത് അത്യാവശ്യമാണ്.' 'എന്റേത് ബ്ലൂ ഹൌസ് ആണ്, സ്ട്രോങ്ങ് ആണ്, ഒരുപാട് നല്ല കലാകാരന്മാരും കലാകാരികളും ഉള്ള ഗ്രൂപ്പ് ആണ് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത്തവണ റെഡ് ഹൌസും സ്ട്രോങ്ങ് ആയി തന്നെ പിടിമുറുക്കിയ മട്ടാണ്.' ഇതിനിടയിൽ ഞാൻ ആയിട്ട് ഒരു സ്കോർ കുറക്കാൻ ഇടയായെന്ന് ആരെങ്കിലും അറിഞ്ഞാൽ പിന്നെ തീർന്നു...
കലോത്സവ വേദിയിലെ മിന്നും താരമാണ് ശില്പ. പോരാത്തതിന് ഗ്രൂപ്പ് ലീഡറും, പിന്നെ പറയണോ ... എല്ലാത്തിന്റെയും മേൽനോട്ടം അവളുടെ തലയിലാണ്. സത്യം പറഞ്ഞാൽ ആ പാവത്തിന്റെ കാര്യം വല്ല്യ കഷ്ടമാണ്. രാവിലെ മുതൽ ഓരോ പരിപാടിയിൽ പങ്കെടുത്തും മറ്റുള്ളവരെ പങ്കെടുപ്പിച്ചും ഓടി നടക്കുകയാണവൾ. വല്ലതും കഴിച്ചോന്ന് പോലും ആരും തിരക്കിയിട്ടുണ്ടാകില്ല. ഡാൻ, ഗ്രൂപ്പ് സോങ്, നാടൻപാട്ട്, നാടകം, കഥാപ്രസംഗം അങ്ങനെ ഒരുവിധം എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചവളായത് കാരണം ഈ പറഞ്ഞ മത്സരത്തിനൊക്കെ മാറി മാറി പങ്കെടുത്ത്‌കൊണ്ടിരിക്കുകയായിരുന്നു അവൾ. അതിനിടക്കാണ് നാളത്തെ ലളിതഗാനം മാറ്റി വച്ച വിവരം അനൗൺസ് ചെയ്യുന്നത്. ഏതായാലും മത്സരാർത്ഥിയെ കണ്ടു പിടിക്കുന്ന കാര്യത്തിൽ ഞാൻ പരാജയപ്പെട്ട സ്ഥിതിക്ക് ഇനി എന്റെ ഗ്രൂപ്പെങ്ങാനും പൊട്ടിപോയാൽ അവളെന്റെ പതിനാറടിയന്തരം നടത്തും. ഞാനാകെ ധർമ്മസങ്കടത്തിലായി. ശിൽപയെ ഒന്ന് തണുപ്പിക്കാൻ ഇനി എന്താണൊരു വഴി. ഞാൻ തലപുകഞ്ഞു ആലോചിച്ചു. ഓ ...പെട്ടന്നാണ് അതോർത്ത്, നാളെയാണ് തന്റെ നാടോടിനൃത്ത മത്സരം, അതിൽ ഒന്നാം സ്ഥാനം കിട്ടിയാൽ ഇപ്പോൾ ഉള്ള സ്കോർ നന്നായി ഉയർത്താൻ പറ്റും. അങ്ങിനെ വന്നാൽ പിന്നെ ശിൽപയുടെ മുന്നിൽ ധൈര്യമായി ചെല്ലാം. പക്ഷെ ഇനി കിട്ടിയില്ലെങ്കിലോ ? അതോർത്തപ്പോൾ തന്നെ എന്റെ നെഞ്ചിടിപ്പേറി. സാരമില്ല വരുന്നിടത്തു വച്ച് കാണാം. അല്ലാതെന്താ ചെയ്യാ. എന്റെ കഷ്ടകാലം, ഞാൻ തലയിൽ രണ്ടു തവണ തട്ടി.
ആരറിഞ്ഞു അതിനടക്ക് ഈ ശരൺ മുന്നിൽ വന്ന് ചാടുമെന്ന്.? അവനെ ശ്രദ്ധിക്കാതെ പോകാൻ താൻ തുനിഞ്ഞതാണ്, പക്ഷെ എന്തോ ഒന്ന് എന്നെ അവിടെ തന്നെ ആകർഷിച്ചു നിർത്തി. നിലത്തു വീണ തന്റെ ഗിറ്റാർ എടുത്ത് തിരിച്ചും മറിച്ചും പരിശോധിക്കുകയായിരുന്നു അവൻ. ആ മുഖം വല്ലാതെ വിവർണ്ണമായിരുന്നു. സഹായിക്കാൻ ചെന്ന മൃദുൽ രാജിനോട് അവൻ തട്ടിക്കയറി- " ഇതെന്റെ ഗിറ്റാർ ആണ്, ഇതിൽ ഞാനല്ലാതെ വേറെ ഒരാളും തൊടുന്നത് എനിക്കിഷ്ടമല്ല". ഞാനും അവനെ സഹായിക്കാൻ വിചാരിച്ചതാണ്, പക്ഷെ മൃദുൽ രാജിനോടുള്ള അവന്റെ പ്രകടനം കണ്ടപ്പോൾ അത് വേണ്ടെന്നു വച്ചു. "നീ സ്കൂളും അടച്ച് പ്യൂണും പോകുന്നവരെ ഇവിടെതന്നെ നിൽക്കാനാണോ ഭാവം" ? ദേഷ്യത്തോടെയുള്ള ശിൽപയുടെ അടുത്ത ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
തുടരും...

No comments:
Post a Comment